top of page
Writer's picturecomrade media

ഗ്രന്ഥ നിരൂപണം.ഗുഡ് മോർണിംഗ് ഡോക്ടർBy പ്രൊഫ. ജോൺ കുരാക്കാർ/ മഞ്ജു കുരാക്കാർ.




ലോക ക്ലസ്സിക്കുകളിൽ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് ഇറ്റാലിയൻ മഹാകവിയായ ഡാന്റേയുടെ " ഡിവൈൻ കോമഡി" എന്ന ഗ്രന്ഥം. മൂന്ന് ഭാഗങ്ങളിലായി നരകവും, പാർ ഗറ്ററിയും , സ്വർഗ്ഗവും കഥാകാരൻ വരച്ചു കാട്ടുന്നുണ്ട്. നമ്മെ ഏറ്റവും ത്രസിപ്പിക്കുന്ന ഭാഗമാണ് ഒന്നാമത്തെ " ഇൻഫേർണോ". റോമൻ കവി വെർജിലിനൊപ്പം ഡാന്റേ നരകത്തിലൂടെ യാത്ര ചെയ്യുന്ന ഈ ഭാഗം ഭയത്തോടും വിറയലോടും കൂടിയേ നമുക്ക് വായിച്ചു തീർക്കാൻ കഴിയു.

ഇത്രയും ഞാൻ ആമുഖമായി പറയാൻ കാരണം ഇതാണ്. ഏതാണ്ട് അത്രയും ഉദ്വഗം എന്നിൽ നിറച്ച ഒരു വായനാനുഭവം " ഗുഡ് മോർണിംഗ് ഡോക്ടർ " എന്ന കൃതിയും പ്രദാനം ചെയ്തു എന്നതാണ് സത്യം. എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും ഒക്കെയായിരുന്നു പ്രൊഫ. ജോൺ കുരാക്കാർ. ജീവിത യാത്രയിൽ ഒരുപാടു ദൂരം ഞങ്ങൾ ഒന്നിച്ചു സഞ്ചരിച്ചിരുന്നവരാണ്. ഏതാണ്ട് ഒരേ ദിശയിലായിരുന്നു പ്രയാണം. പഠനശേഷം അദ്ദേഹം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ മലയാളം പ്രൊഫസറായി. ഞാൻ തിരുവല്ലാ മാർത്തോമ്മാ കോളജിൽ ഇംഗ്ലീഷ് വകുപ്പിൽ ചേർന്നു. മതങ്ങളുടെ ആഗോള ഐക്യവേദിയായ യുണൈറ്റഡ് റിലീജിയസ് ഇനിഷ്യേ റ്റീവിന്റെ നിരവധി അന്താരാഷ്ട്ര വേദികളിൽ ഞങ്ങൾ ഒപ്പം പങ്കെടുത്തു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഒന്നിച്ചു സഞ്ചരിച്ചു. എന്നാൽ രണ്ടു വര്ഷം മുമ്പ് അദ്ദേഹത്തെ ബാധിച്ച അതി ഭയാനകമായ കാൻസറിന്റെ വിശദാംശങ്ങൾ ഞാൻ അധികമൊന്നും അറിഞ്ഞിരുന്നില്ല.

" ഗുഡ് മോർണിംഗ് ഡോക്ടർ " എന്ന ഈ കൃതി അമ്പരപ്പോടെയല്ലാതെ നമുക്ക് വായിക്കാൻ കഴിയില്ല. ഇത്രയേറെ നടുക്കവും ഉദ്വഗവും പ്രദാനം ചെയ്യുന്ന ഒരു അനുഭവമായിരുന്നു കാൻസറിന്റെ അതി ജീവന പ്രയാണം എന്നത് നമ്മെ സ്തബ്ധരാക്കും.

കാൻസറിനെ അതി സമർത്ഥമായി അതി ജീവിച്ച അനേകം പേര് നമ്മുടെ ലോകത്തുണ്ട്. ക്രിസോസ്റ്റം വലിയ തിരുമേനി, യുവരാജ് സിംഗ്, മാർട്ടിന നവരത്തിലോവ തുടങ്ങി എത്രയോ പേർ. ആ ഗണത്തിലേക്ക് ഇതാ ഒരാൾ കൂടി.

കാൻസർ ചികിത്സ എന്ന് കേൾക്കുമ്പോൾ കീമോ തെറാപ്പി , റേഡിയേഷൻ എന്നൊക്കെയാണ് നാം സാധാരണയായി ചിന്തിക്കുന്നത്. എന്നാൽ ഇതിനേക്കാൾ വലിയ എത്രയോ കടമ്പകൾ ധീരമായി തരണം ചെയ്യാൻ നമ്മുടെ കുരാക്കാർ സാറിന് സാധിച്ചു എന്നറിയുമ്പോൾ നാം തരിച്ചിരുന്നു പോകും. ശാഖോപശാഖകളായി പടർന്നു പോകുന്ന അനവധി നിരവധി ചികിത്സാ മുറകൾ ഇവിടെ രൂപപ്പെടുന്നത് കാണാം. പിന്നെ അനുബന്ധമായി വന്ന തൈറോയിഡ് സർജറിയിലും അവസാനിക്കാതെ പിന്നെയും അങ്ങനെ തുടർന്ന് പോകുന്നു.

ഇങ്ങനെ അതി സങ്കീർണ്ണവും സ്തോഭ ജനകവുമായ ഒരു പരിചരണ കാലഘട്ടത്തിലൂടെ ജോൺ കുരാക്കാർ സാർ കടന്നു പോയി. എഴുപതിനടുത്ത പ്രായത്തിൽ ഇതെല്ലം അതി ധീരമായി നേരിടാൻ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? അചഞ്ചലമായ ഈശ്വര വിശ്വാസവും ദൈവ കൃപയും തുണച്ചു. അതോടൊപ്പം മാലാഖമാരെപ്പോലെ എല്ലാടവും കാവൽ നിന്ന ഡോക്ടർമാരും നുഴ്സ്മാരും പരിചാരിക വൃന്ദവും. അതോടൊപ്പം ഭാര്യ മോളിയും സ്റ്റേറ്റ് ബാങ്കിൽ ഓഫീസറായ മകനും ഡോക്ടറായ മകളും അത്യന്തം ജാഗരൂകരായി ഓരോ നിമിഷവും കൂടെ നിന്നു. ആശുപത്രികൾ തോറും കയറിയിറങ്ങുമ്പോൾ ഇവരുടെയെല്ലാം കരുതലും ദൈവാശ്രയവും എപ്രകാരം സഹായകരമായി എന്ന് പ്രേത്യേകം പറയേണ്ടല്ലോ.

“ Face the terrible and face it boldly “ എന്നാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ നല്ല പ്രവർത്തികളും ചിന്തകളും ആയിരം മാലാഖമാരെപ്പോലെ ജീവിതത്തിൽ നമുക്ക് കാവൽ നിൽക്കും എന്നാണ് വിവേകാനന്ദ സ്വാമികളും പ്രവചിച്ചത്. ഏതു പ്രതിസന്ധി വന്നാലും തുരങ്കത്തിന്റെ അങ്ങേത്തലയ്ക്കൽ ഒരു പ്രകാശമുണ്ടാകും എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

കാൻസർ അതിജീവനത്തെപ്പറ്റി ഇന്നസെന്റിനെപ്പോലെയുള്ളവർ പുസ്തക രചന നടത്തിയിട്ടുണ്ട്.. “ The joy of Cancer “ എന്ന ഒരു പുസ്തകം വായിച്ചതിനെപ്പറ്റി ക്രിസോസ്റ്റം തിരുമേനി ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. ആ ശ്രേണിയിൽ

ഇതാ ഒരു വിശിഷ്ട കൃതികൂടി നമുക്ക് ലഭിച്ചിരിക്കുന്നു. രോഗക്കിടക്കയിൽ ഈ വാക്കുകൾ ഈശ്വരനായി (അക്ഷരബ്രഹ്മം) നമുക്കിടയിലേക്കിറങ്ങി വരും. തളർന്ന മനസ്സുകളെ അത് ഉത്തേജിപ്പിക്കും. നമ്മുടെ തളരുന്ന സിരകളെ ത്രസിപ്പിക്കും.

ഇനിയും അനേക വർഷങ്ങൾ സമൂഹത്തിൽ പ്രോജ്വല്യമാനമായി ശോഭിക്കാൻ സാറിന് കഴിയണം. നമ്മുടെ നാടിൻറെ എല്ലാ മേഖലകളിലും തന്റെ സേവന സരണികൾ നീരുറവകളായി പരിണമിക്കണം.. അനേകായിരം വിദ്യാർത്ഥികളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥന സാറിനെയും കുടുംബത്തെയും ശക്തീകരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ധർമോ ജയതി, നാധർമ്മ :

സത്യം ജയതി നാനൃതം

ക്ഷമാ ജയതി നക്രോധോ

വിഷ്ണൂർ ജയതി നാസുര:


ധർമ്മം ജയിക്കുന്നു. അധർമ്മം ജയിക്കുന്നില്ല. സത്യം ജയിക്കുന്നു. അസത്യം ജയിക്കുകയില്ല.

സത്യം കൊണ്ടും, ധർമ്മം കൊണ്ടും, ക്ഷമകൊണ്ടും കുരാക്കാർ സാർ ഒരു വൻ വിപത്തിനെ തരണം ചെയ്തു. ജീവിതം ഇനിയും അഭംഗുരം അങ്ങനെ തന്നെ മുന്നേറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

പ്രൊഫ. ഡോ. ഏബ്രഹാം കരിക്കം

( മുൻ പ്രിൻസിപ്പൽ, മാർത്തോമ്മാ കോളജ് , തിരുവല്ല)


കരിക്കം

24.03.2023

9 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comments


bottom of page