comrade media
Mar 29, 2024
Updated: Dec 4, 2021
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരം; 58% ഹൈറിസ്ക്ക് വിഭാഗത്തിൽ, ആരോഗ്യ വകുപ്പ് റിപ്പോർട്ട്
---------------------
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും HIGH RISK വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ, ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ HIGH RISK പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം. 191 ആദിവാസി ഗർഭിണികൾ HIGH RISK വിഭാഗത്തിലാണുള്ളത്. സർക്കാരിൽ രജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണിത്.
IMF തലപ്പത്തേക്ക് ഗീത ഗോപിനാഥ് ; അടുത്തവർഷം ആദ്യത്തോടെ ചുമതലയേൽക്കും
---------------------
ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും . നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ ഗീത ഗോപിനാഥ് ചുമതലയേൽക്കും. നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. 2018 ഒക്ടോബറിലാണ് ഗീത ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം IMFൻറെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.
ഡാം സുരക്ഷാ ബിൽ പാസാക്കി രാജ്യസഭ; അണക്കെട്ടുകളുടെ സുരക്ഷയ്ക്കും മേൽനോട്ടത്തിനും പ്രത്യേക സമിതി
---------------------
ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി. ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിർവഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള അണക്കെട്ടുകളാണ് നിയമത്തിൻറെ പരിധിയിൽ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകൾ ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്രത്തിൻറെ മേൽനോട്ടത്തിലാകും. മുല്ലപ്പെരിയാർ തൽക്കാലം സുപ്രിംകോടതി മേൽനോട്ടത്തിൽ തുടരുമെങ്കിലും ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിൻറെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിർപ്പ് തള്ളിയാണ് ബില്ല് പാർലമെൻറ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാർട്ടികൾ ബില്ലിനെ എതിർത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും തള്ളി.
കരിയറിൽ 800 ഗോൾ തികച്ച് റൊണാൾഡോ; ആരാധകർ കാത്ത നിമിഷം
---------------------
ഫുട്ബോൾ കരിയറിൽ 800 ഗോൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ തോൽപ്പിച്ചു. ഓൾഡ് ട്രാഫോർഡിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡിൻറെ വിജയം. ഫുട്ബോൾ ചരിത്രത്തിൽ 800 ഗോൾ തികയ്ക്കുന്ന ആദ്യ താരമാണ് 36 വയസുകാരനായ റൊണാൾഡോ. 1095 മത്സരങ്ങളിൽ 801 ഗോളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. അനൗദ്യോഗിക കണക്കു പുസ്തകത്തിൽ 805 ഗോൾ നേടിയ മുൻ ചെക്-ഓസ്ട്രിയൻ താരം ജോസഫ് ബികാൻ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. നിലവിൽ കളിക്കുന്നവരിൽ പിഎസ്ജിയുടെ അർജൻറീന താരം ലയണൽ മെസിയാണ് ഈ പട്ടികയിൽ ക്രിസ്റ്റ്യാനോയ്ക്കു പിന്നിലുള്ളത്. ക്രിസ്റ്റ്യാനോയെക്കാൾ രണ്ട് വർഷം ചെറുപ്പമായ മെസി 947 മത്സരത്തിൽ 756 ഗോളാണ് പേരിലാക്കിയിട്ടുള്ളത്.
പുരസ്കാര നിറവിൽ അഞ്ജു
---------------------
വേൾഡ് അത്ലറ്റിക്സിൻറെ ഈ വർഷത്തെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം മുൻ ഇന്ത്യൻ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജിന്. 2003 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെങ്കല മെഡൽ നേടിയിട്ടുള്ള അഞ്ജു കായികരംഗത്തുനിന്നു വിരമിച്ച ശേഷവും ഈ മേഖലയിൽ നടത്തുന്ന സേവനങ്ങളാണു പുരസ്കാരത്തിന് അർഹയാക്കിയത്. യുവതാരങ്ങളുടെ വളർച്ചക്കായി നടത്തിയ പ്രവർത്തനങ്ങളും ലിംഗസമത്വം ഉറപ്പാക്കുന്നതുമായി നടത്തിയ നിലപാടുകളും പ്രവർത്തനങ്ങളും വിലയിരുത്തിയാണു പുരസ്കാരം സമ്മാനിച്ചത്. ബംഗളൂരു കേന്ദ്രമായി അത്ലറ്റിക്സ് അക്കാഡമി സ്ഥാപിച്ച് അഞ്ജു 2016 മുതൽ പെൺകുട്ടികൾക്കു പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻറെ സീനിയർ വൈസ് പ്രസിഡൻറാണ് അഞ്ജു. ഒളിമ്പിക് മെഡലിസ്റ്റുകളെ വളർത്തിയെടുക്കുകയാണു തൻറെ ലക്ഷ്യമെന്നു അഞ്ജു പറഞ്ഞു. അഞ്ജുവിൻറെ പുരസ്കാര നേട്ടത്തെ അഭിമാനമുഹൂർത്തമെന്നാണ് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്. 2005 ലോക അത്ലറ്റിക്സ് ഫൈനലിൽ സ്വർണം, 2002ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും ഏഷ്യൻ ഗെയിംസിൽ 2002 ബുസാനിൽ സ്വർണവും 2006 ദോഹയിൽ വെള്ളിയും നേടി. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 2005ൽ സ്വർണവും 2007ൽ വെള്ളിയും സ്വന്തമാക്കിയ താരം 2006ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 2003ൽ അർജുന അവാർഡും 2004ലെ ഖേൽ രത്ന പുരസ്കാരവും ലഭിച്ച അഞ്ജുവിന് ആ വർഷം പദ്മശ്രീ നല്കി രാജ്യം ആദരിച്ചു. 2021ലെ ബിബിസി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് അഞ്ജുവിനു ലഭിച്ചിരുന്നു.
ജെറ്റ് എയർവേസ് പറക്കും, ഉഷാറായി
---------------------
പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താനുറച്ച് ജെറ്റ് എയർവേസ്. അടുത്ത വർഷം ആദ്യംതന്നെ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്നു കന്പനി കമ്പനി അറിയിച്ചു. ഇതിനായി പുത്തൻ വിമാനങ്ങൾ വാങ്ങും. 1200 കോടി ഡോളർ മുടക്കി ബോയിംഗ്, എയർബസ് എന്നീ വിമാന നിർമാണ കന്പനികളിൽനിന്നു 100 ചെറു വിമാനങ്ങൾ വാങ്ങാനാണു പദ്ധതി. വിമാനങ്ങൾ ലീസിനെടുക്കുന്നതും പരിഗണനയിലുണ്ട്. ആദ്യ സർവീസ് ന്യൂഡൽഹിയിൽനിന്നു മുംബൈയിലേക്കാണെന്നും കമ്പനി അറിയിച്ചു. അടുത്ത വർഷം പകുതിയോടെ അന്താരാഷ്ട്ര സർവീസും ആരംഭിക്കും. ഭൂരിഭാഗം സർവീസുകളിലും ബിസിനസ് ക്ലാസ് സൗകര്യവും ഉണ്ടായിരിക്കും. വരുന്ന ആറുമാസത്തിനുള്ളിൽ കമ്പനിയിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു ജെറ്റ് എയർവേസിൻറെ പുതിയ ഉടമസ്ഥരായ ബിസിനസ് കൂട്ടായ്മയ്ക്കു നേതൃത്വം കൊടുക്കുന്ന മുരാരി ജലാൻ അറിയിച്ചു. മുരാരി ലാൽ ജലാനും ഇംഗ്ലണ്ടിലെ നിക്ഷേപസ്ഥാപനമായ കാൾറോക്ക് കാപ്പിറ്റലും നേതൃത്വം കൊടുക്കുന്ന ബാങ്ക് കൂട്ടായ്മ അവതരിപ്പിച്ച ജെറ്റ്എയർവേസ് പുനരുദ്ധാരണ പദ്ധതി ജൂണിൽ ഇന്ത്യയിലെ ബാങ്കറപ്സി കോടതി അംഗീകരിച്ചിരുന്നു. പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിവില ഇന്നലെ 5.6 ശതമാനം ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനകമ്പനിയായിരുന്ന ജെറ്റ് എയർവേസ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിലിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
മാറ്റത്തെ സ്വാഗതം ചെയ്യുക: മാർപാപ്പ
---------------------
സൈപ്രസിലെ ക്രൈസ്തവ സഭ, മാറ്റങ്ങളെയും വൈജാത്യങ്ങളെയും ക്ഷമയോടെ സ്വാഗതം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ. 35-ാം അപ്പസ്തോലിക പര്യടനത്തിൻറെ ഭാഗമായി കിഴക്കൻ മെഡിറ്ററേനിയനിലെ സൈപ്രസിലെത്തിയ മാർപാപ്പ തലസ്ഥാനമായ നിക്കോസിയായിലെ OUR LADY OF GRACES MARONEETHA CATHOLICATE മെത്രാസനപ്പള്ളിയിൽവച്ച് മൈത്രാന്മാരും വൈദികരും അടക്കമുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു. സൈപ്രസിലെ മാറോണീത്ത ആർച്ച്ബിഷപ് സെലിം സെഫെയർ, ലബനനിലെ മാറോണീത്ത പാത്രിയാർക്കീസ് കർദിനാൾ ബഷാര ബുട്രോസ് അൽറായി, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പീർബാറ്റിസ്റ്റ ബിസബെല്ല മുതലായവരും ലത്തീൻ, മാറോണീത്ത, അർമേനിയൻ കത്തോലിക്കാ സഭകളിൽനിന്നുള്ള പുരോഹിതരും സമ്മേളനത്തിൽ പങ്കെടുത്തു. സന്ദർശനത്തിലെ ആദ്യ പരിപാടിയായിരുന്നു മെത്രാന്മാരും വൈദികരുമായുള്ള കൂടിക്കാഴ്ച. തുടർന്നാണ് സൈപ്രസ് പ്രസിഡൻറ് NICOS ANASTHASIYADHAS ൻറെ ഔദ്യോഗിക കൊട്ടാരത്തിൽ നടന്ന സ്വാഗതസമ്മേളനത്തിൽ പങ്കെടുത്തത്. പ്രസിഡൻറുമായും നയതന്ത്രപ്രതിനിധികളുമായും സമൂഹത്തിലെ ഇതര നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. മാർപാപ്പ ഇന്ന് സൈപ്രസിലെ ഗ്രീക്ക് ഓർത്തഡോക്സ് ARCHBISHOP CHRISOSTMOS രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും.
എത്തിയത് 15 വയസ്സിലെ പ്രതിരോധ കുത്തിവയ്പ്പിന്, നൽകിയത് കോവിഡ് വാക്സിൻ; തിരുവനന്തപുരത്ത് രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ
---------------------
15 വയസ്സിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. കോവിഡ് വാക്സിനായ കോവിഷീൽഡാണ് കുട്ടികൾക്ക് നൽകിയത്. തിരുവനന്തപുരം ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തെറ്റായി വാക്സിൻ കുത്തിവച്ചതിനെത്തുടർന്ന് ഇരുവരും ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സുഹൃത്തുക്കളായ വിദ്യാർഥിനികൾ ഒന്നിച്ചാണ് വാക്സിൻ എടുക്കാൻ എത്തിയത്. 15 വയസ്സിലെ കുത്തിവയ്പ് എടുക്കാനായി ഒപി ടിക്കറ്റ് എടുത്തെങ്കിലും വിദ്യാർഥിനികൾ കോവിഡ് വാക്സിനേഷൻ നടക്കുന്ന സ്ഥലത്തേക്ക് അറിയാതെ എത്തുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തി കാര്യം തിരക്കുകയായിരുന്നു. പരിശോധനയിൽ ഇരുവർക്കും കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.
ഒരിക്കൽ കോവിഡ് വന്നവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം
---------------------
ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വീണ്ടും ഒമിക്രോൺ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യൻറെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തിലുണ്ട്. പഠനത്തിന് വിധേയരായ വ്യക്തികൾ വാക്സിൻ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകർക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാൽ വാക്‌സിൻ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോൾ വിലയിരുത്താൻ കഴിയില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി. നവംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളിൽ 35,670 പേർക്ക് ഒരിക്കൽ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്. മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളിൽ അടുത്തിടെ വീണ്ടും അണുബാധകൾ ഉണ്ടായിട്ടുള്ളതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ DSA - NRF CENTRE OF EXCELLENCE IN EPIDEMIOLOGICAL MODELLING AND ANALYSIS ഡയറക്ടർ ജൂലിയറ്റ് പുള്ളിയം വ്യക്തമാക്കി.
ഗൂഗിൾ മുതൽ ഐബിഎം വരെ; അമേരിക്കൻ ബിഗ് ടെക് കമ്പനിയിലെ ഇന്ത്യൻ വംശജരായ സിഇഒമാർ
---------------------
ട്വിറ്റർ തലപ്പത്തേക്ക് പരാഗ് അഗർവാൾ നിയമിതനായതോടെ ടെക്ക് ലോകം ഭരിക്കാൻ ഒരു ഇന്ത്യക്കാരൻ കൂടി. പരാഗ് അഗർവാളിനെ കൂടാതെ നിരവധി ഇന്ത്യൻ തലച്ചോറുകൾ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവരിൽ ഉണ്ട്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയവരുടെ പട്ടിക നീളുകയാണ്. അമേരിക്കൻ ആഗോള കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്ന 5 ഇന്ത്യൻ വംശജരെ പറ്റി.
1. സുന്ദർ പിച്ചൈ–ആൽഫബെറ്റ് (ഗൂഗിൾ)
ഇന്ത്യ ഏറ്റവും കൂടുതൽ ആഘോഷിച്ച പേരാണ് സുന്ദർ പിച്ചൈ. 2014 നാണ് ഗൂഗിളിന്റെ തലവനായി സുന്ദർ പിച്ചൈ എത്തുന്നത്. തമിഴ്‌നാട്ടിലെ മധുരയിലായിരുന്നു സുന്ദർ പിച്ചൈയുടെ ജനനം. ഖരഗ്പുർ ഐ.ഐ.ടി.യിൽനിന്ന് വെള്ളിമെഡലോടെ ബി.ടെക് സ്വന്തമാക്കി. പിന്നീട് യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് മെറ്റീരിയൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും പെൻസിൽവേനിയ സർവകലാശാലയിൽനിന്ന് എം.ബി.എയും നേടി. 2004 ൽ ഗൂഗിളിൽ പ്രവേശിച്ച സുന്ദർ പിച്ചൈ 2014 സിഇഒ ആയി നിയമിതനായി.
2. സത്യ നദെല്ല-മൈക്രോസോഫ്റ്റ്
സുന്ദർ പിച്ചൈ സിഇഒ ആകുന്നതിനു മുമ്പ് തന്നെ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നിയമിതനായ ഇന്ത്യക്കാരനാണ് സത്യ നദെല്ല. അതിനു മുമ്പ് മൈക്രോസോഫ്റ്റിന്റെ തന്നെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകളുടെ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള കമ്പനിയുടെ അതിവേഗ വളർച്ചയ്ക്ക് നദെല്ല വഹിച്ച പങ്ക് വളരെ വലുതാണ്. ബിൽ ഗേറ്റ്‌സിനും സ്റ്റീവിനും ശേഷം കമ്പനിയുടെ മൂന്നാമത്തെ സിഇഒ ആയാണ് നദെല്ല നിയോഗിക്കപ്പെട്ടത്. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നദെല്ല, അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസ് ബിരുദവും നേടി.
3. അരവിന്ദ് കൃഷ്ണ-ഐബിഎം
ഐബിഎമ്മിന്റെ നിലവിലെ ചെയർമാനും സിഇഒയുമാണ് അരവിന്ദ് കൃഷ്ണ. ആന്ധ്രാപ്രദേശിലാണ് അദ്ദേഹം ജനിച്ചത്. 2020 ഏപ്രിൽ മുതൽ ഐബിഎമ്മിന്റെ സിഇഒ ആകുകയും 2021 ജനുവരിയിൽ ചെയർമാൻ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. ഐബിഎമ്മിന്റെ എക്കാലത്തെയും വലിയ റെഡ് ഹാറ്റ് നേട്ടത്തിന് പിന്നിൽ അരവിന്ദ് കൃഷ്ണയിരുന്നു പ്രവർത്തിച്ചിരുന്നത്.ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഐഐടി കാൺപൂരിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ശേഷം ഇല്ലിനോയ്‌സ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും സ്വന്തമാക്കി.
4. ശന്തനു നാരായൺ-അഡോബ്
ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ശന്തനു നാരായൺ ജനിച്ചത്. 2007 ഡിസംബർ മുതലാണ് അഡോബ് ഇൻകോർപ്പറേഷന്റെ തലപ്പത്ത് അദ്ദേഹം എത്തുന്നത്. അഡോബ് ഇങ്കിന്റെ സിഇഒയും ആയി പ്രവർത്തിക്കുന്നതിന് മുമ്പ് അദ്ദേഹം കമ്പനിയുടെ പ്രസിഡന്റും സിഇഒ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. പിന്നീട് ഒഹിയോ ബൗളിംഗ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. കാലിഫോർണിയ സർവകലാശാലയിലെ ഹാസ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ ബിരുദവും നാരായൺ നേടിയിട്ടുണ്ട്.
5. രഘു രഘുറാം-വിഎം വെയർ
ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ വിഎംവെയറിന്റെ പുതിയ സിഇഒ ആണ് രഘു രഘുറാം. 2003 ലാണ് അദ്ദേഹം കമ്പനിയിൽ എത്തുന്നത്. സിഇഒ ഉൾപ്പെടെ വിഎംവെയറിൽ രഘുറാം ഒന്നിലധികം നേതൃത്വ റോളുകൾ വഹിച്ചിട്ടുണ്ട്. വിഎംവെയറിൽ ജോലി ചെയ്യുന്നതിന് മുമ്പ് അദ്ദേഹം AOL, BANG നെറ്റ്‌വർക്കുകൾ, നെറ്റ്‌സ്‌കേപ്പ് എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്. പ്രോഡക്റ്റ് മാനേജ്‌മെന്റും മാർക്കറ്റിംഗ് റോളുകളും വഹിച്ചിരുന്നു. ഐഐടി ബോംബെയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ രഘുറാം, വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.
കേരളം സൈക്കിൾ ടൂർ - വാർത്ത സമ്മേളനം
കോവിഡിൽ നിശ്ചലമായ ടൂറിസം മേഖലക്ക് പുത്തനുണർവ്വ് സമ്മാനിക്കാൻ കേരളത്തിന്റെ 14 ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചിന്റെയും ദുബൈ ഡി എക്സ് ബി റൈഡേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വരുന്ന ഡിസംബർ 4 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന
കേരള സൈക്കിൾ ടൂർ സംഘടുപ്പിക്കുന്നു.
കേരളത്തിന്റെ പ്രകൃതി ഭംഗി, ഒരുമ, രുചിഭേദങ്ങൾ, സാഹസികസഞ്ചാര വീഥികൾ തുടങ്ങി യവ മികവോടെ ഒപ്പിയെടുത്ത് പുറം ലോകത്തെത്തിക്കുന്നതിനായി നടത്തുന്ന ഈ യാത്രയിൽ കേരളത്തിലെ 4 പ്രമുഖ സൈക്കിൾ സഞ്ചാരികളും ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി എക്സ് ബി റൈഡേഴ്സിന്റെ 7 അന്തർദേശീയ സൈക്കിളുസ്റ്റുകളുമടക്കം 11 പേർ പങ്കാളികളാവും. പൊന്മുടി, തെന്മല, അടൂർ, ആലപ്പുഴ, കുമരകം, ഫോർട്ട് കൊച്ചി, കോത മംഗലം, മൂന്നാർ, അതിരപ്പിള്ളി, കുതിരാൻ, കൊടുങ്ങല്ലൂർ, പൊന്നാനി, ബേപ്പൂർ, കുറ്റിച്ചിറ, തളി, കാപ്പാട്, തുഷാരഗിരി, ചെമ്പമല, മാനന്തവാടി, മുഴിപ്പിലങ്ങാട്, മാടായി പാറ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഡിസംബർ 14ന് യാത്ര കാസർഗോഡ് ബേക്കൽ കോട്ടയിൽ അവസാനിക്കും
കേരളാ ലീഗൽ മെട്രോളജി എൻഫോഴ്സസ്മെന്റ് ഓഫീസേർസ് അസ്സോസിയേഷൻ രണ്ടാമത് സംസ്ഥാന സമ്മേളനം
കേരളാ ലീഗൽ മെട്രോളജി എൻഫോഴ്സസ്മെന്റ് ഓഫീസേർസ് അസ്സോസിയേഷൻ രണ്ടാമത് സംസ്ഥാന സമ്മേളനം ഡിസംബർ 4,5 തീയതികളിലായി എസ്.എ.അസീം നഗർ, (തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ആസ്ഥാനമന്ദിരത്തിലുള്ള കെ.എം.മദനമോഹൻ ഹാൾ) വച്ച് നടത്തുകയാണ്. ഭക്ഷ്യ പൊതുവിതരണ , ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത സമ്മേളനത്തിൽ ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീചിറ്റയം ഗോപകുമാർ അവർകൾ, ജോയിൻറ് കൗൺസിൽ ചെയർമാൻ ശ്രീ.എ.ഷാനവാസാൻ, ജനറൽ സെക്രട്ടറി ശ്രീ. ജയചന്ദ്രൻ കല്ലിംഗൽ, ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ. ഇന്ദുശേഖരൻ നായർ തുടങ്ങി രാഷ്ട്രീയ, സർവീസ് സംഘടനാ രംഗത്തെ നിരവധി പങ്കെടുക്കുമെന്നു വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
RSS ഭീകരതയിൽ പ്രധിഷേധം
തിരുവല്ലയിൽ CPIM ലോക്കൽ സെക്രട്ടറി P B സന്ദീപിനെ, രസ്ക്കാരന് കൊലപ്പെടുത്തിയതെന്നാരോപിച്ചു, DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രെട്ടറിയേറ്റിനു മുന്നിൽ മാർച്ച്. ദൃശ്യങ്ങൾ.
Kommentare