top of page
VIBIN KURAKAR

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 28-11-2021


കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച ക്വാറൻറീൻ; കർണാടകം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു


കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് (covid 19) പരിശോധന കർശനമാക്കി കർണാടകം (Karnataka). കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളിൽ കൂട്ടംകൂടുന്നതിനും പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും


ചക്രവാതചുഴി (cyclonic circulation) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ (നവംബർ 29) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബർ 28 ന് (ഇന്ന്) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ചിറയിൽ മുങ്ങിത്താണ മൂന്ന് കുട്ടികളെയും യുവതിയെയും രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും


ചിറയിൽ മുങ്ങിത്താഴുകയായിരുന്ന (drowning) നാല് കുട്ടികളെ രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഇന്ദു എന്ന വീട്ടമ്മയും മൂന്ന്, ആറ്, എട്ട് വയസ്സുള്ള കുട്ടികളുമാണ് കഴിഞ്ഞ ദിവസം കൊട്ടില ചിറയിൽ അപകടത്തിൽപ്പെട്ടത്. ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയൽവാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇന്ദുവും കുട്ടികളും മാതമംഗലത്തെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ്


തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.


വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.


പ്രതിരോധ മാർഗങ്ങൾ

  • ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻറ് നേരമെങ്കിലും നന്നായി കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

  • വൃക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

  • പഴങ്ങളും പച്ചക്കറികളും പല പ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

  • തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

  • കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.


കുതിരാൻ ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും


കുതിരാൻ ദേശീയ പാതയിൽ വൈകുന്നേരം 4 മുതൽ 8 വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാൻ തുരങ്കത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിട്ട് തുടങ്ങിയതോടെ കുതിരാനിൽ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണപ്രവർത്തികളുടെ ഭാഗമായാണ് ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്തിയത്. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും തൃശൂർ ഭാഗത്തേക്കുള്ള വാഹങ്ങളും ഒന്നാം തുരങ്കത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ വൈകുന്നേര സമയങ്ങളിൽ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ എത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്.


‘ടോക് ടു കേരള പൊലീസ്’ അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാം


കേരള പൊലീസിന് കീഴിൽ സൈബർ സുരക്ഷാ രംഗത്ത് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവീസ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെ കേരളാ പൊലീസ് ആരംഭിച്ച പദ്ധതിയാണ്. കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത ഉപയോക്തൃ സൗഹൃദവുമായ ചാറ്റ്ബോട്ട് സേവനമാണ് ‘ടോക് ടു കേരള പോലീസ്’. കേരളത്തിലെ സൈബർഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബർ സുരക്ഷയിലും കാര്യക്ഷമമായ പൊലീസിംഗിനുള്ള സാങ്കേതികവിദ്യ വർദ്ധിപ്പിക്കുന്നതിനുമുള്ള സൈബർ സെന്റർ ഓഫ് എക്‌സലൻസാണ് സൈബർ ഡോം.


പായലിൽനിന്ന് ജൈവ ഡീസൽ; കേരളത്തിലും അനന്തസാധ്യത


പായലിൽനിന്നുണ്ടാക്കുന്ന ജൈവ ഡീസൽ നൽകാൻ റാഞ്ചിയിൽ പ്രത്യേക പമ്പുതന്നെ തുടങ്ങിയിട്ടുണ്ട് വിശാൽ പ്രസാദ് ഗുപ്ത എന്ന യുവ എൻജിനിയരായ 42 കാരൻ. ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാൽ പറയുന്നു. സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വിൽക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാൽ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5,000 ലിറ്റർ വരെ വിൽക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ജൈവ ഡീസൽ തീർത്തും പരിസ്ഥിതി സൗഹൃദമാണ്. തീരപ്രദേശങ്ങളും ജലാശയങ്ങളും ഏറെയുള്ള കേരളത്തിൽ പായലിൽനിന്നുള്ള ജൈവ ഇന്ധനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. അറുപത് ശതമാനത്തിലേറെ ഈർപ്പനില, മികച്ച സൂര്യപ്രകാശം, പി.എച്ച് മൂല്യം 7.5 മുതൽ 8.5 വരെയുള്ള വെള്ളം, മുപ്പത് ഡിഗ്രി താപനില എന്നിവയാണ് പായൽ വളരാൻ അനുകൂല ഘടകങ്ങളെന്നത് കേരളത്തിന് ഗുണകരമാണ്.


സിറോ മലബാർ സഭ നേരിടുന്നത് അസാധാരണ സാഹചര്യം.


അസാധാരണ സാഹചര്യത്തിലൂടെയാണ്‌ സിറോ മലബാർസഭ കടന്നുപോകുന്നത്. മെത്രാൻമാർക്കിടയിലെ ഭിന്നിപ്പ് മാധ്യമങ്ങളിൽ പരസ്യചർച്ചയാകുന്നത് ഇതാദ്യമാകും.സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽപ്പോയി ഇളവുവാങ്ങിയത് ഔദ്യോഗികപക്ഷത്തിനു ക്ഷീണമായി. സിനഡ് തീരുമാനം എല്ലായിടത്തും നടപ്പാക്കാനായില്ലെന്നതും തിരിച്ചടിയാണ്. മറ്റുരൂപതകളിലും വൈദികർ സംഘടിക്കുന്നതിനും കൂടുതൽ പരസ്യപ്രതികരണം നടത്തുന്നതിനും പുതിയസംഭവങ്ങൾ ഇടയാക്കുമെന്നുറപ്പാണ്.


തണ്ടപ്പേരില്ല; മഹാരാജാവിന് ആറ്റിങ്ങലിലെ ഭൂമിയിൽ അവകാശമില്ലെന്ന് റവന്യൂവകുപ്പ്.


ചിത്തിരതിരുനാൾ രാജാവിന് ആറ്റിങ്ങൽ കൊട്ടാരത്തിനു സമീപം അവകാശപ്പെട്ട സ്ഥലത്തിന് തണ്ടപ്പേരില്ലെന്ന് റവന്യൂവകുപ്പ്. അതിനാൽ സ്ഥലത്തിന് കരമടച്ച് അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്നാണ് മറുപടി. ആറ്റിങ്ങലിൽ രാജകുടുംബത്തിനുണ്ടായിരുന്ന പ്രധാന കൊട്ടാരം ദേവസ്വംബോർഡിന്റെ അധീനതയിലാണിപ്പോൾ.അതിനോടു ചേർന്നുള്ള കമാനവും 15 സെന്റ് സ്ഥലവുമാണ് രാജകുടുംബത്തിന്റേതായി അവശേഷിക്കുന്നത്. 1971-ലെ ഭാഗപത്രപ്രകാരം സ്ഥലത്തിന്റെ അവകാശി ചിത്തിരതിരുനാൾ രാജാവാണ്. ആറ്റിങ്ങൽ നഗരസഭ ഈ കമാനം രാജകുടുംബത്തിന്റെ പേർക്ക് നമ്പറിട്ട് കരം ഒഴിവാക്കിക്കൊടുത്തിട്ടുമുണ്ട്.


വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ല


വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി. ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദ്ദേശം. വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് കക്ഷികളുടെ മതം നോക്കിയല്ലെന്നും സർക്കാർ വ്യക്തമാക്കി.


പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്


പത്തനംതിട്ട തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിതാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്. യുവതിയെ കാറിൽ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നൽകി. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്.


സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു : പൊലീസ്


കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സൈജു പോയത് ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാർട്ടികളിൽ പങ്കെടുത്തത്. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ്, ഹോട്ടൽ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.


Bheemante Vazhi: 'ഒരേയൊരു മാന്യൻ'; സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ


കുഞ്ചാക്കോ ബോബൻ(kunchacko boban) നായകനായി എത്തുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. 'ഈ സിനിമയിലെ ഒരേയൊരു മാന്യൻ' എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ പോസ്റ്റർ പങ്കുവെച്ചത്. ചിത്രം ഡിസംബർ മൂന്നിന് റിലീസ് ചെയ്യും. വിൻസി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിർമ്മൽ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭ​ഗത് മാനുവൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.


അമ്മിണിയമ്മ വയസ് 77, ഫാഷൻ ടെക്‌നോളജി വിദ്യാർത്ഥിനി


ആഗ്രഹത്തിനും ലക്ഷ്യബോധത്തിനും മുൻപിൽ പ്രായം തോറ്റ് പിൻമാറി. ഫാഷൻ ടെക്‌നോളജി വിദ്യാർത്ഥിനിയാണ് അമ്മിണിയമ്മയിപ്പോൾ. കോട്ടയം വെള്ളൂർ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് അമ്മിണിയമ്മ ഫാഷൻ ഡിസൈസിംഗ് ആന്റ് ഗാർമന്റ്‌സ് ടെക്‌നോളജി പഠിക്കുന്നത്. കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ അമ്മിണിയമ്മ കോട്ടയം ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫിസറായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. ഫാഷൻ ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം അന്ന് മനസിലുണ്ടായിരുന്നു വെങ്കിലും സാധിച്ചില്ല. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പഴയ ആഗ്രഹം സഫലമാക്കാൻ അമ്മിണിയമ്മ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിനു ചേരുകയായിരുന്നു. കോഴ്‌സിന് പ്രായപരിധിയില്ലയെന്നത് കൊണ്ട് അമ്മിണിയമ്മയ്ക്ക് അഡ്മിഷൻ കിട്ടി.


പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം


18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിർവഹിക്കാനുമാണ് അനുമതി. വിദേശത്തു നിന്ന് സൗദിയിൽ എത്തി ഉംറ നിർവഹിക്കാനുള്ള പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ ഇവർ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല.


അച്ചടക്ക ലംഘനം: മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്ന് പുറത്താക്കി


തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടിയിൽനിന്നും പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.ഹോസ്പിറ്റൽ സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന മമ്പറം ദിവാകരൻ, ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പുറത്താക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.


സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്


സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വെബ്ബിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.



വഖഫ് ബോർഡ് നിയമനം; മുസ്‌ലിം സംഘടനകൾ സമരത്തിലേക്ക്


വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്‌ലിം സംഘടനകൾ സമരത്തിലേക്ക്. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാൻ നേരത്തെ മുസ്‌ലിം സംഘടകൾ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്‌ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേരും.


ദേശീയ പുരസ്‌കാര നിറവിൽ മലയാളി ട്രാൻസ്‌ജൻഡർ നർത്തക


നൃത്തത്തിൽ ദേശീയ പുരസ്‌കാര നേട്ടവുമായി മലയാളിയായ ട്രാൻസ്‌ജൻഡർ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥിനിയായ സഞ്ജനാ ചന്ദ്രനാണ് ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച നൃത്ത മത്സരത്തിൽ ജേതാവായത്. ഭരത നാട്യത്തിലാണ് സഞ്ജന ചന്ദ്രൻ ദേശീയ പുരസ്‌കാര നേട്ടത്തിലെത്തിയത്. ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ നട് വാർ ഗുരു ഗോപീകൃഷ്ണ ദേശീയ അവാർഡാണ് സഞ്ജന കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് ഒരു ട്രാൻസ് ജൻഡർ ദേശീയ പുരസ്‌കാരം നേടുന്നത് ഇതാദ്യമാണ്. ഛത്തീസ്‌ഗഡിൽ വെച്ചായിരുന്നു മത്സരങ്ങൾ. മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സഞ്ജന.16 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. നൃത്തത്തിൽ കൂടുതൽ പഠനം നടത്താനാണ് സഞ്ചനയുടെ തീരുമാനം.


സ്ത്രീധനമായ 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു


വിവാഹത്തിനായി നീക്കി വെച്ച സ്ത്രീധന തുക (dowry) പെൺകുട്ടികളുടെ ഹോസ്റ്റൽ (girls hostel construction) നിർമ്മിക്കാൻ നൽകാൻ പിതാവിനോട് അഭ്യർത്ഥിച്ച് വധു. ബാർമർ ന​ഗരത്തിലെ കിഷോർസിം​ഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് (Anjali Kanwar) അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും. നവംബർ 21നാണ് അജ്ഞലി പ്രവീൺ സിം​ഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകണമെന്ന് ആവശ്യപ്പെട്ടു. മകളുടെ ആ​ഗ്രഹമനുസരിച്ച് കിഷോർ കുമാർ കാനോദ് പ്രവർത്തിക്കുകയും സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു.


മികച്ച വന്യജീവി ഫോട്ടോഗ്രഫിക്കുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തു


നാഷണൽ വൈൽഡ് ലൈഫ് മാഗസിൻറെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ഈ വർഷം ലഭിച്ചത് 40,000 എൻട്രികളായിരുന്നു. 2021-ലെ മത്സരത്തിലെ ഗ്രാൻഡ് പ്രൈസ് ജേതാവിന് നേടിക്കൊടുത്ത ചിത്രം , വന നശീകരണം വന്യജീവികളിൽ ചെലുത്തുന്ന ആഘാതം ഉയർത്തിക്കാട്ടിക്കൊണ്ട്, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ഒറാങ്ങുട്ടാൻറെ ചിത്രമായിരുന്നു. നിരവധി ചിത്രങ്ങൾ സെക്ഷൻ ജൂറിയുടെ കൈയ്യടി നേടി. അവയിൽ ചിലതു.


കാലിഫോർണിയയിലെ മോണ്ടെറി ബേയിൽ മത്സ്യബന്ധത്തിലേർപ്പെട്ടിരുന്ന ഒരു ബോട്ടിൻറെ സമീപത്ത് നിന്ന് ഒരു വലിയ കൂനൻ തിമിംഗലം ഉയർന്ന് പോങ്ങിയപ്പോൾ. മറ്റൊരു ബോട്ടിലിരുന്നതിനാൽ ഫോട്ടോഗ്രാഫർക്ക് ഈ നാടകീയത ചിത്രമാക്കാൻ കഴിഞ്ഞു.


ജപ്പാൻറെ വടക്കുഭാഗത്തുള്ള ഹൊക്കൈഡോ ദ്വീപിൻറെ തണുത്തുറഞ്ഞ തീരത്ത്, ഒരു വലിയ പരുന്ത് ഒരു കുറുക്കനുമായി യുദ്ധം ചെയ്യുന്നതിൻറെ ഫോട്ടോ. കുറുക്കൻ പരുന്തിൻറെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം.


തായ്‌ലൻഡിലെ ലോപ്ബുരിയിൽ മക്കാക്കു കുരങ്ങൻ തുരുമ്പിച്ച കമ്പി വേലിയുടെ മുകളിലൂടെ നടക്കുന്നു. നടത്തത്തിനിടെ കാറ്റ് ഒരു പഴയ പത്ര കഷണം മുഖത്തിട്ടപ്പോൾ പകർത്തിയ ദൃശ്യം. ഏകദേശം 4,500 മക്കാക്കുകൾ ലോപ്ബുരിലുണ്ടെന്നാണ് കണക്ക്.


വടക്കേ അമേരിക്കയിൽ നിന്നുള്ള ബിഗ്‌ഹോൺ ആട്ടുകൊറ്റന്മാർ ആധിപത്യത്തിന് വേണ്ടി പോരാടുന്നു. മുഖത്തോട് മുഖം ചേർന്ന് കൊമ്പോട് കൊമ്പ് ചേർത്തുള്ള അങ്കം.


കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽ നിന്ന് അതിരാവിലെയുള്ള ഒരു ദൃശ്യം. ഒരു കൂട്ടം ആനകൾ മുസിയാറ മാർഷിലേക്ക് ഒരു പ്രഭാത നടത്തത്തിനായി നീങ്ങുന്നു. ഒരു ചെറിയ ആന കുട്ടി കൂട്ടത്തിനിടയിൽ നിൽക്കുന്നു. ആ വലിയ ആനക്കൂട്ടം കുട്ടിക്ക് സംരക്ഷിത കവചമൊരുക്കി നീങ്ങുന്നു.


കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽ നിന്ന് അതിരാവിലെയുള്ള ഒരു ദൃശ്യം. ഒരു കൂട്ടം ആനകൾ മുസിയാറ മാർഷിലേക്ക് ഒരു പ്രഭാത നടത്തത്തിനായി നീങ്ങുന്നു. ഒരു ചെറിയ ആന കുട്ടി കൂട്ടത്തിനിടയിൽ നിൽക്കുന്നു. ആ വലിയ ആനക്കൂട്ടം കുട്ടിക്ക് സംരക്ഷിത കവചമൊരുക്കി നീങ്ങുന്നു.


ഈ ബ്ലാങ്കറ്റ് ഒക്ടോപസിന് ഒരു ഗോൾഫ് ബോളിൻറെ വലിപ്പമേ ഉള്ളൂ, ഫിലിപ്പീൻസിലെ അനിലാവോയിൽ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 അടി താഴെയുള്ള ഈ ജീവിയെ പകർത്താനായി ഒരു ചെറിയ ഹാൻഡ്‌ഹെൽഡ് ടോർച്ച് മാത്രമാണ് ഉപയോഗിച്ചത്.


ന്യൂസീലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ, ഇന്ത്യക്കു മേൽക്കൈ.


രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് നിൽക്കെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ന്യൂസീലൻഡ് ലക്‌ഷ്യം, 284 റൺസ്. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി നേടിയ ശ്രേയാസ് അയ്യർ (65) ഇന്ത്യയുടെ ടോപ്പ് സ്കോററായി. കഴുത്തിനു പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയും (61 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. നാലാം ദിവസം കളിനിർത്തുമ്പോൾ, ന്യൂസീലൻഡ്, 1 വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് എന്ന നിലയിലാണ്.

6 views0 comments

Comentários


bottom of page