ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 30-11-2021
Ballon d'Or 2021 പുരസ്‌ക്കാരത്തോടെ മഴവില്ലഴക് വിരിച്ചു മെസ്സി.
ഫുട്ബോളിന്റെ ആകാശത്ത് വീണ്ടും മഴവില്ല് വിരിയിച്ച് ലിയോണൽ മെസി . ഏഴാം തവണയും Ballon d'ഓർ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അർജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസി അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബാലൻ ഡി ഓർ നേട്ടം പേരിലെഴുതിയിരുന്നു. അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ 2021ലെ ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം നടന്നത്. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്.
ആര്‍. ഹരികുമാര്‍ നാവികസേനാ മേധാവിയായി ചുമതലയേറ്റു.
ഇന്ത്യന്‍ നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു. അഡ്മിറല്‍ കരംബീര്‍ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ആര്‍. ഹരികുമാര്‍ ചുമതലയേറ്റത്. നാവിക സേനാ മേധാവിയായി ചുമതലയേറ്റതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ആര്‍. ഹരികുമാര്‍. ഏറെ നിര്‍ണായകമായ സമയത്താണ് നാവികസേനാ മേധാവിയായി ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ നിര്‍ദേശങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്‍. ഹരികുമാര്‍ നാവികസേനാ മേധാവിസ്ഥാനം ഏറ്റെടുത്തത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായിരുന്നു ഹരികുമാര്‍.
സാഹിതി വാണി ടീം അംഗങ്ങള ആദരിച്ചു
ദേശീയ എഡ്വൂ തോൺ മൽസരത്തിൽ മികച്ച വിദ്യാഭ്യാസ ആശയമായി തെര ഞ്ഞെടുക്ക പ്പെട്ട 1.14 സാഹിതി വാണി ഇൻറർ നെറ്റ് റേഡിയോ ടീം അംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ ആദരിച്ചു. സ്റ്റേഷൻ ഡയറക്ടർ അലു കൃഷ്ണ ,ചീഫ് ആർ. ജെ. വിജിത കുരാക്കാർ ,പ്രേം ഗ്രാം ഡയറക്ടർ അലോക്ക് പ്രപഞ്ച് എന്നിവരെ യാ ണ് ആദരിച്ചത്.
800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ
800 -നും 1,200 -നും ഇടയിൽ പഴക്കമുള്ള ഒരു മമ്മി(mummy) പെറുവിലെ പുരാവസ്തു ഗവേഷകർ(archeologists in Peru) രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമ(Lima)യ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് കണ്ടെത്തി. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സാൻ മാർക്കോസിലെ ഗവേഷകർ, ലിമയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിൽ കാജമാർക്വില്ല എന്ന പുരാവസ്തു സൈറ്റിൽ ഒരു ടൗൺ സ്‌ക്വയറിന് നടുവിലാണ് ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മമ്മിയെ കയറുകൊണ്ട് കെട്ടി, കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു. ഇത് തെക്കൻ പെറുവിയൻ ശവസംസ്കാര ആചാരമാണെന്നാണ് ഗവേഷകർ പറയുന്നത്. മമ്മിയുടെ പ്രായം അർത്ഥമാക്കുന്നത്, അത് ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ് എന്നാണ്.
ജാക്ക് ഡോർസി ട്വിറ്റർ സിഇഒ സ്ഥാനം ഒഴിഞ്ഞു; പകരം പരാഗ് അഗർവാൾ...
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ജാക്ക് ഡോർസി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജനായ ട്വിറ്റർ ചീഫ് ടെക്‌നോളജി ഓഫിസർ (സിടിഒ) പരാഗ് അഗർവാൾ പുതിയ സിഇഒ ആയി ചുമതലയേൽക്കും. കഴിഞ്ഞ വർഷം മുതൽ ഡോർസിയുടെ വിടവാങ്ങലിനു കമ്പനി ബോർഡ് ഒരുങ്ങുകയായിരുന്നു. ജാക്ക് ഡോർസി തന്നെയാണു സ്ഥാനമൊഴിയുന്ന കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ജാക്ക് ഡോർസിക്കും ടീമിനും നന്ദി അറിയിച്ച് പുതിയ സിഇഒ ആയ പരാഗ് അഗർവാളും ട്വീറ്റ് ചെയ്തു.ജാക്ക് ഡോർസി സിഇഒ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായും ഡയറക്ടർ ബോർഡ് ഏകകണ്ഠമായി പരാഗ് അഗർവാളിനെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായും ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു. പാട്രിക് പിച്ചെറ്റിന്റെ പിൻഗാമിയായി ബ്രെറ്റ് ടെയ്‌ലർ ഡയറക്ടർ ബോർഡിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. പാട്രിക് പിച്ചെറ്റ് ഡയറക്ടർ ബോർഡിലും ഓഡിറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായും തുടരും.
കടമെടുത്ത് രാജ്യംവിട്ടാലും ഇനി രക്ഷയില്ല
വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിദേശ ആസ്തികൾ കണ്ടുകെട്ടി വായ്പാത്തുക ഈടാക്കാൻ നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇംഗ്ലണ്ട്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ 49 രാജ്യങ്ങൾ അനുവർത്തിച്ചുവരുന്ന ‘മോഡൽ നിയമം’നടപ്പാക്കാനാണു സർക്കാർ നീക്കം. മോഡൽ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കരടു നിയമം, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് വിജ്ഞാപനം ചെയ്തു. കരടിൽ അഭിപ്രായമറിയിക്കാൻ ഡിസംബർ 15 വരെയാണ് അവസരം. തിരിച്ചടവു മുടക്കി വിദേശത്തേക്കു രക്ഷപ്പെട്ടവരുടെ വിദേശത്തെ സ്വത്തുവകകൾ വിൽക്കുന്നതിനുംമറ്റും നിലവിലുള്ള സങ്കീർണതകളും നിയമതടസങ്ങളും പുതിയ നിയമം നടപ്പാക്കുന്നതോടെ മറികടക്കാനാകും. വ്യക്തിഗത ഗാരന്റി നല്‍കിയിട്ടുള്ള പ്രമോട്ടർമാരുടെ വിദേശ ആസ്തികളും ഇത്തരത്തിൽ കണ്ടുകെട്ടാൻ പുതിയ കരടുനിയമത്തിലൂടെ സാധിക്കും. മോഡൽ നിയമം നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളിലെ കോടതികൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയാണു രാജ്യാതിർത്തി കടന്നുള്ള നടപടികൾ സാധ്യമാകുന്നത്. മോഡൽ നിയമം അനുവർത്തിക്കുന്ന രാജ്യങ്ങൾക്കു പൊതുവിൽ ബാധകമായിട്ടുളള പ്രവർത്തനമാർഗരേഖ അനുസരിച്ചായിരിക്കും ഈ സഹകരണം.
കുര്യൻ വർഗീസ് സമർപ്പിത അധ്യാപകൻ .. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
വിദ്യാഭ്യാസ മേഖലയിൽ കൈയ്യൊപ്പു ചാർത്തിയ അധ്യാപക നായിരുന്നു കുര്യൻ വർഗ്ഗീസ് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ അഭിപ്രായപെട്ടു. നാലാഞ്ചിറ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ആയിരിക്കെ മരണപെട്ട കുര്യൻ വർഗീസിൻ്റെ സ്മരണാർത്ഥം ഏർപെടുത്തിയ പ്രഥമ ചരിത്രാധ്യാപക പുരസ്ക്കാരം ബി. അജയകുമാറിന് നൽകി പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. എൻഡോവ്മെൻറ് സമതി രക്ഷാധികാരി ഫാ. സജി മേക്കാടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻഡോവ് മെൻ്റ് കമ്മറ്റി ചെയർമാൻ ബിന്നി സാഹിതി ,സെക്രട്ടറി പ്രിൻസ് എം. ഫിലിപ്പ് ,സാം കുരാക്കാർ, അഡ്വ. പി. എസ്. തോമസ് ,എസ്. സത്യദാസ് ,കുര്യൻ വർഗീസിൻ്റെ സഹധർമ്മിണി ലിസി കുര്യൻ, അഡ്വ. വൈ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.
കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗമായ ഫാ. ജോസഫ് വരമ്പുങ്കൽ ഒഐസിയാണ് എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി നിയമിക്കും. ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇൻസ്പെക്ടർ (എസ്ഐ) പദവി നൽകുകയും ചെയ്യുന്നു. പലരും ഏറ്റെടുക്കാൻ മടിക്കുന്ന ചുമതല ഫാ. ജോസഫ് വരമ്പുങ്കൽ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ബഥനി ആശ്രമം നവജ്യോതി പ്രൊവിൻസ് റാന്നി ചെറുകുളഞ്ഞി ആശ്രമ അംഗമാണ് ജോസഫ് അച്ചൻ. ബഥനി ആശ്രമം ഹൈസ്കൂളിലെ അദ്ധ്യാപക ജോലിക്കൊപ്പം തിരുവല്ല അതിരൂപതയിലെ എംസിവൈഎം റാന്നി മേഖല ഡയറക്ടറായി കൂടി സേവനം ചെയ്യുന്നു.
മാധ്യമങ്ങളുടെ വാ മൂടിക്കെട്ടി താലിബാൻ ഭരണകൂടം
അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തി താലിബാൻ ഭരണകൂടം. സർക്കാരിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായ വാർത്തകൾ നിരോധിക്കുകയാണെന്ന് ബദാക്ഷാൻ പ്രവിശ്യയിലെ താലിബാൻ നേതൃത്വമാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് അഫ്ഗാനിസ്ഥാൻ ജേർണലിസ്റ്റ് സേഫ്റ്റി കമ്മിറ്റി (എജെഎസ്സി) പറഞ്ഞു. വാർത്താശേഖരണത്തിനായി പൊതുസ്ഥലങ്ങളിൽ പോകുന്നതിൽനിന്ന് സ്ത്രീകളെ വിലക്കിയതായും വാർത്താവിതരണ വകുപ്പിന്റെ പ്രാദേശിക ഡയറക്ടർ പുറത്തിറക്കിയ റിപ്പോർട്ടുകളുണ്ട്. എന്നാൽ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാകുന്നു.
യുഗാണ്ടയുടെ വിമാനത്താവളം കൈക്കലാക്കാൻ ചൈന
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുഗാണ്ടയുടെ ഏക വിമാനത്താവളം കൈക്കലാക്കാൻ ചൈന നീക്കം തുടങ്ങി. എന്റബെ അന്താരാഷ്‍ട്ര വിമാനത്താവളം വിപുലീകരിക്കുന്നതിനുവേണ്ടി 2015ൽ യോരി മുസിവേനി സർക്കാർ 20 കോടി ഡോളർ ചൈനയുടെ എക്സ്പോർട് ഇംപോർട്ട്(എക്സിം) ബാങ്കിൽനിന്നു വായ്പയെടുത്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ വിമാനത്താവളം ചൈനയുടെ നിയന്ത്രണത്തിലാക്കാൻ വായ്പാ രേഖയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന ആവശ്യം ചൈന അംഗീകരിച്ചിട്ടില്ല.
‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്
സ്പൈഡർമാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് സ്പൈഡർമാൻ നോ വേ ഹോം. പഴയ ചിത്രങ്ങളിലെ സൂപ്പർ വില്ലന്മാർ ഒരുമിക്കുന്ന ചിത്രത്തിൽ പുതിയ സ്പൈഡർമാനായ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ നിഷേധിച്ച് ഗാർഫീൽഡ് എത്തിയത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ കണ്ടത്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. മികച്ച സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർത്ഥ ശിവ തുടങ്ങി 48 പേർ അവാർഡുകൾ ഏറ്റുവാങ്ങി.
‘ആനയും അംബാരിയും അടിയും പിന്നെ വെടിയും’ - അജഗജാന്തരം
ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ആനയും അംബാരിയും അടിയും വെടിയും പൊട്ടിത്തെറിയുമുള്ള തീ പാറുന്ന പൂരം’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്സവപറമ്പിലേക്ക് എത്തുന്ന ഒരാനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും ഇവര്‍ ഒത്തുചേര്‍ന്ന ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍, ജിനോ ജോണ്‍, ആന്റണി വര്‍ഗീസ്, വിജയ് സേതുപതി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം. അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, തുടങ്ങിയ താരനിര ചിത്രത്തിലെത്തുന്നു. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടേതാണ് തിരക്കഥ.
അറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറക്കുന്നു. വ്യാപക പരാതി.
മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകൾ ഉയർത്തുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങൾ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ''ഈ മാസം പത്തിലേറെ തവണ മുല്ലപ്പെരിയാറിലെ ഷട്ടറുകളുയർത്തി. എപ്പോഴാണ് ഷട്ടറുകൾ ഉയർത്തുകയെന്ന് പോലും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടറ് ഉയർത്തിയ വിവരമറിയുന്നത്. അപ്രതീക്ഷിച്ചതായി വെള്ളം കയറുന്ന സാഹചര്യത്തിൽ ജോലിക്ക് പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും'' പെരിയാറിന് തീരത്ത് താമസിക്കുന്നവർ പറഞ്ഞു.
ഓഖി പുനരധിവാസ സമര സമിതിയുടെ നേതൃത്വത്തിൽ സെക്രെട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം.
ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം.
1 ഓഖി മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾക്കു യഥാസമയം നൽകുന്നതിൽ വീഴ്ച്ച വരുത്തിയ സർക്കാർ ജീവനക്കാർക്കെതിരെ ഉടൻ നടപടി എടുക്കുക.
2 ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി ഉറപ്പുവരുത്തുക.
3 ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എല്ലാ മക്കളുടെയും മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കുക.
4 മുഖ്യമന്ത്രിയുടെ ഓഖി ഫണ്ടിന്റെ വരവ് ചിലവ് കണക്കുകൾ C.A.G- യെ കൊണ്ട് ഓഡിറ്റ് നടത്തുക.
5 സർക്കാർ ഇതര സ്ഥാപനങ്ങൾ പിരിച്ചെടുത്ത ഓഖി ഫണ്ട് വരവ് ചിലവ് കണക്കുകൾ സർക്കാർ നേരിട്ട് ഓഡിറ്റ് നടത്തി റിപ്പോർട്ട് പ്രസിദ്ധികരിക്കുക.
6 മുന്നറിയിപ്പുകൾ നൽകുന്ന പ്രഖ്യാപിത തീരദേശ വയർലസ് സംവിധാനങ്ങൾ നടപ്പിലാക്കുക.
7 ഓഖി സമയത്ത് പ്രഖ്യാപിച്ച തീര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുക.
8 കേരള ബഡ്ജറ്റ്റിൽ (20182019, 20192020) വകയിരുത്തി പ്രഖ്യാപിച്ച 3000 - കോടിയുടെ പുനരധിവാസ പാക്കേജുകളെ പദ്ധതികളായി രൂപീകരിച്ച് നടപ്പിലാക്കുക
കോവിഡാനന്തര സാമ്പത്തിക പ്രതികരണങ്ങൾ - സെമിനാർ
കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് 6 മണി മുതൽ, തിരുവനന്തപുരം പാളയം ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്ററിൽ വച്ച് കോവിഡാനന്തര സാമ്പത്തിക പ്രതികരണങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കുകയാണ്. പ്രഫ. ഡോ. മേരി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തുന്നു. സാംസ്കാരിക-സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും അക്കാദമിക വിദഗ്ദ്ധരും വൈദികരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സെമിനാറിന്റെ പൂർണ്ണ രൂപം, COMRADE MEDIA യിൽ ഉടൻ ലഭ്യമാകും.
കേശവദാസപുരത്തു വച്ച്, സൈബർ ക്രൈമസ് ആൻഡ് സൈബർ ലാസ് എന്ന വിഷയത്തിൽ സെമിനാർ
COMRADE MEDIA യും, COMRADE URI CC യും, സൈബർ സെൽ, കേരളം പോലീസും ചേർന്ന് 2021 ഡിസംബർ 4 ആം തിയതി ശനിയാഴ്ച, 3 മണിക്ക് യൂണിറ്റി ടൗർസ്, കേശവദാസപുരത്തു വച്ച്, 8 ആം ക്ലാസ്സു മുതൽ ഡിഗ്രി വിദ്യാർത്ഥികൾക്ക് വേണ്ടി സൈബർ ക്രൈമിസ് ആൻഡ് സൈബർ ലാസ് എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു, കേരള പോലീസ് സൈബർ സെൽ DYSP T SYAMLAL ക്‌ളാസ്സുകൾ നടത്തുന്നതാണ്.
മുല്ലപ്പെരിയാർ ജലബോംബ്, പൊട്ടിയാൽ മലയാളികളും തമിഴരും മരിക്കും: എംഎം മണി
മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎൽഎ. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാർ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാട്.
ബംഗാൾ ഉൾക്കടലിൽ 'ജവാദ്' ചുഴലിക്കാറ്റ് വരുന്നു: ആന്ധ്രാ-ഒഡീഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്
ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻകടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.
പൃഥ്വിരാജ് ഹിന്ദിയിൽ ബിസ്‌ക്കറ് കിംഗ് ആയി, അഭിനയിക്കുന്നു, സംവിധാനവും.
'ബിസ്‍ക്കറ്റ് കിംഗ്' എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ (Rajan Pillai) ജീവിതം ഹിന്ദിയിൽ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് (Prithviraj) ആണ് സീരീസിൽ രാജൻ പിള്ളയായി അഭിനയിക്കുക. പൃഥ്വിരാജ് തന്നെയാണ് സീരിസ് സംവിധാനവും ചെയ്യുക. ജുഡിഷ്യൻ കസ്റ്റഡിയിൽ വെച്ചായിരുന്നു രാജൻ പിള്ള മരണമടഞ്ഞത്. മലയാളിയായ രാജൻ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തികകുറ്റങ്ങൾക്ക് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള ജുഡിഷ്യൽ കസ്റ്റഡിയിൽ വെച്ച് മരണമടഞ്ഞു. തുടർന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയിൽ പരിഷ്‍കരണത്തിന് വഴിവെച്ചു. രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസിൽ പറയുക.
World AIDS Day : 2025 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോർജ്
2025 വർഷത്തോട് കൂടി പുതിയ എച്ച്ഐവി (HIV) അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Veena George). 2030 ഓടു കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയുള്ള നടപടികൾ സംസ്ഥാനത്ത് ലോക എയ്ഡ്‌സ് ദിനത്തിൽ തുടക്കം കുറിക്കുകയാണ്. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്ഐവി അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവർക്ക് മതിയായ ചികിത്സയും പരിചരണവും നൽകുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസിന്റെ സിറ്റിസൺ പോർട്ടൽ ‘തുണ’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പൊലീസിൻറെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുണ എന്ന നിലവിലെ സർവീസ് പോർട്ടൽ പൊതുജനങ്ങൾക്ക് സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റം വരുത്തിയാണ് പുതിയ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ, അപകടകേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽ വഴി അപേക്ഷിക്കാം.
Comments